ധർമപാഠം 10: മഹർഷി ദയാനന്ദ സരസ്വതി



മഹർഷി ദയാനന്ദ സരസ്വതി പുരോഗമനവാദിയായ ഒരു സന്യാസിയായിരുന്നു. ആര്യസമാജസ്ഥാപകൻ എന്ന രീതിയിലാണ് ഇദ്ദേഹം പ്രശസ്തനായത്. ഗുജറാത്തിലെ ടങ്കാര എന്ന ഗ്രാമത്തിൽ 1824 കർഷൻ തിവാരിയുടേയും അമൃതാബായിയുടേയും പുത്രനായി ജനിച്ച മൂൽജി എന്ന മൂൽശങ്കർ (ദയാറാം) ആണ് സന്യാസം സ്വീകരിച്ചു സ്വാമി ദയാനന്ദ സരസ്വതി ആയിത്തീർന്നത്. വലിയ ഭൂവുടമയും ബാങ്കറും ശിവഭക്തനുമായ തിവാരി മൗർവി രാജ്യത്തിലെ ഉന്നതഉദ്യോഗസ്ഥനായിരുന്നു. ശിവരാത്രി ദിവസം മൂൽജിക്ക് 14 വയസുള്ളപ്പോൾ അമ്പലത്തിൽ കുടുംബം ഉറക്കമൊഴിച്ചു വ്രതം പാലിച്ചു. രാത്രി വൈകിയപ്പോൾ ശിവഭക്തർ എല്ലാവരും ഉറങ്ങി. എന്നാൽ ഉറങ്ങാതെ ഇരുന്ന മൂൽജി ഒരു ഏലി പമ്മി വന്നു നിവേദ്യപലഹാരങ്ങൾ ശാപ്പിടുന്നത് കണ്ടു. വിഗ്രഹം അഴുക്കാക്കിയ എലിയുടെ പ്രവർത്തി കണ്ടു ബാലനായ മൂൽജിയുടെ ഉള്ള് നൊന്തു. എല്ലാവരേയും വിളിച്ചുണർത്തി അച്ഛനോട് മൂൽജി ചോദിച്ചു , "ശൂലം കൊണ്ട് രാക്ഷസന്മാരെ കുത്തുന്ന ശിവഭഗവാൻ ഒരു നിസാരനായ ഒരു എലിയെ അകറ്റിനിർത്താൻ കഴിയില്ലേ?".

ചോദ്യം ചോദിക്കുന്നവർ അന്നും ഇന്നും സമൂഹത്തിന് അധികപ്പറ്റാണ്. മൂൽജിക്ക് കണക്കിന് ശാസന കിട്ടിയെങ്കിലും ആ ബാലനിൽ ജിജ്ഞാസയും തത്വചിന്തകളും ഉണർന്നു. പെങ്ങളുടെ മരണം , അമ്മാവൻറെ മരണം എന്നീ ദുഃഖം നിറഞ്ഞ ജീവിതഘട്ടങ്ങളിൽ വീട്ടിൽ നിന്ന് ഒളിച്ചോടി അലഞ്ഞു തിരിഞ്ഞു നടന്നു അവസാനം 24ആം വയസ്സിൽ സ്വാമി പൂർണാനന്ദനിൽ നിന്ന് സന്യാസം സ്വീകരിച്ചു വിരക്തനായി. പഠനമായി ഭാരതം മുഴുവൻ സഞ്ചരിച്ച ഇദ്ദേഹം കേരളത്തിൽ വന്നിട്ടില്ല. തെക്ക് പൂനെ വരയേ വന്നുള്ളൂ.

മഥുരയിൽ ഒരു ഗുഹയിൽ കഴിഞ്ഞ അന്ധനായ സ്വാമി വിരജാനന്ദനെ കണ്ടുമുട്ടിയതോടെ സ്വാമി ദയാനന്ദസരസ്വതി ഒരു യുഗപുരുഷനായി മാറുകയായിരുന്നു. ഗുരു വിരജാനന്ദനിൽ നിന്ന് വൈദിക സംസ്‌കൃതം , വ്യാകരണം ഉൾപ്പടെ സാംഗോപാംഗം വേദം പഠിച്ച അദ്ദേഹം പഠനം പൂർത്തിയാക്കിയപ്പോൾ ഗുരു വേദം പ്രചരിപ്പിക്കുക എന്ന ഗുരുദക്ഷിണയാണ് ചോദിച്ചത്. ജനങ്ങളെ അന്ധവിശ്വാസങ്ങളിൽ നിന്ന് രക്ഷിക്കുക , സത്യവിദ്യ പ്രചരിപ്പിക്കുക എന്നീ ഗുരുവിന്റെ ആവശ്യങ്ങൾ അനുസരിച്ചു പ്രവർത്തിക്കാനായി തൻ്റെ ജീവിതം ഇദ്ദേഹം മാറ്റി വെച്ചു.

സ്വദേശി എന്ന വാക്ക് ഭാരതീയരെ സമർത്ഥമായി ഉപയോഗിക്കാൻ പഠിപ്പിച്ചത് ഋഷി ദയാനന്ദ സരസ്വതിയായിരുന്നു. വേദങ്ങളിലേക്ക് മടങ്ങുക എന്ന അദ്ദേഹത്തിൻ്റെ സന്ദേശം പത്തൊൻപതാം നൂറ്റാണ്ടിൽ ഭാരതത്തിൽ നടന്ന നവോത്ഥാനത്തേ സഹായിച്ചു. വൈദികമായ ജീവിതരീതി പുനരുദ്ധരിക്കാനും വേദങ്ങൾ ജനങ്ങൾക്ക് പ്രാപ്യമാക്കാനും വേണ്ടതെല്ലാം മഹർഷി ദയാനന്ദ സരസ്വതി അക്കാലത്ത് ചെയ്തു. നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും കാശിയിൽ അന്നത്തെ പണ്ഡിതരോട് ശാസ്ത്രാർത്ഥം നടത്തി ജയിക്കുകയും ചെയ്തു. ഭാരതത്തിൽ പണ്ട് ആശയഭിന്നത ഉള്ളപ്പോൾ പണ്ഡിതന്മാർ ശാസ്ത്രാർത്ഥം നടത്തിയിരുന്നു. ഇന്നിപ്പോൾ തർക്കം എന്നത് കലഹം എന്ന മട്ടിലായി.

വേദം പ്രചരിപ്പിക്കാനും സമൂഹത്തിലെ ആലസ്യം, അന്ധവിശ്വാസം എന്നീ ദുർഭൂതങ്ങളെ ഇല്ലായ്മ ചെയ്യാനും 1875 ൽ മഹർഷി ദയാനന്ദ സരസ്വതി സ്ഥാപിച്ച സംഘടനയാണ് ആര്യസമാജം. അതിൻ്റെ   പ്രവർത്തനത്തിന്റെ ഫലമായി ഭാരതീയർ ഉണർന്നു വിദേശാധിപത്യത്തെ എതിർക്കുകയും സ്വാതന്ത്ര്യത്തിനായി യത്നിക്കുകയും. അങ്ങനെ നോക്കുമ്പോൾ ലക്ഷ്യം പൂർത്തിയാക്കിയ ഈ സംഘടനയുടെ തിരുശേഷിപ്പുകൾ ഇന്നും ലോകം മുഴുവൻ അംഗങ്ങളുമായി ഇന്നും പ്രവർത്തിക്കുന്നുണ്ട്.

സ്വാമി ദയാനന്ദ സരസ്വതി ഒരു പുതിയ മതമോ മറ്റോ തുടങ്ങാൻ ഉദ്ദേശിച്ച ആളല്ല. വേദങ്ങളിൽ പറഞ്ഞിട്ടുള്ള പ്രാചീനധർമത്തെ പൊടിതട്ടിയെടുത്ത് സാധാരണ ജനങ്ങൾക്ക് തുറന്നു കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. 1883 യാഥാസ്ഥിതികർ  വിഷപ്രയോഗം ചെയ്തു ഇദ്ദേഹത്തെ കൊന്നുകളഞ്ഞു.

യജുർവ്വേദഭാഷ്യം , ഋഗ്വേദത്തിൻ്റെ കുറച്ചു മന്ത്രങ്ങളുടെ ഭാഷ്യം, ആര്യാഭിവിനയ , ആചാരഭാനു , ഗോകരുണാനിധി, ആര്യോദ്ദേശ്യരത്നമാല , സത്യാർഥപ്രകാശം , ഭാഗവതഖണ്ഡനം, സംസ്കാരവിധി , പഞ്ചമഹായജ്ഞവിധി തുടങ്ങി എഴുപതു ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

വിഗ്രഹാരാധന , തീണ്ടലും തൊടീലും , ബലിയിട്ടാൽ പരേതന് മോക്ഷം കിട്ടും എന്ന വിശ്വാസം , ബാലവിവാഹം , തീർത്ഥാടനം പാപമോചകം എന്ന വിശ്വാസം എന്നിവയെ സ്വാമി ദയാനന്ദസരസ്വതി എതിർത്തിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ സമൂഹത്തെ ബാധിച്ച ജീര്ണതകളാണ്. അതിനാൽ ഇന്നും അന്ധവിശ്വാസം നിറഞ്ഞ ഒരു ലോകത്ത് ആര്യസമാജത്തെ ആളുകൾ എതിർക്കുന്നു. സ്വാമി ദയാനന്ദ സരസ്വതിയുടെ അനുയായി ആകണമെങ്കിൽ സത്യാന്വേഷണം ,യുക്തിചിന്ത , സ്വാധ്യായം ,ആത്മവിശ്വാസം , ഏകേശ്വരവിശ്വാസം , മനുഷ്യൻറെ കർമോന്മുഖതയിൽ ആദരവ്, പരിഷ്‌കൃതചിത്തരാകാനുള്ള അഭിലാഷം , സ്വാതന്ത്ര്യവാഞ്ച, സഹിഷ്ണുത , ഉത്പതിഷ്ണുത്വം എന്നിവ വേണം. കുഞ്ഞാടുകളെ നയിക്കുന്ന ഇടയന്മാരെ പോലെ ഉള്ള നേതാക്കളെ ഇന്ന് ആര്യസമാജത്തിൽ കണ്ടാൽ അത് അധഃപതനം എന്ന് തന്നെ കരുതണം. മതനേതാവും കൾട്ട്ഗുരുക്കന്മാരും ഉള്ളപ്പോൾ സത്യത്തിനും ശാസ്ത്രീയതക്കും സ്ഥാനമുണ്ടാകില്ല അനുയായികളുടെ അനുഭവങ്ങൾക്കും ഗുരു കാട്ടുന്ന അത്ഭുതങ്ങൾക്കും മാത്രമേ വിലയുണ്ടാകൂ. അന്ധരെ അന്ധർ നയിച്ചാൽ എവിടെ ചെന്നെത്തും. അതാണിന്ന് നടക്കുന്നത്. വേദത്തിൻറെ വെളിച്ചം ഒരുവന് കൊടുത്താൽ അവൻ സ്വയം ആ വെളിച്ചം തെളിച്ചു പൊയ്‌ക്കോളും .അതിനാലാണ് ആധുനിക ഗുരുക്കന്മാർ അറിവ് ഒഴിച്ച് മറ്റുള്ളതെല്ലാം പറഞ്ഞു കൊടുക്കുന്നത്. കാരണം ഇന്ന് രാഷ്ട്രീയം പോലെ മതപ്രവർത്തനം ഒരു ചെലവേറിയ പ്രക്രിയയായാണ്. അന്ധരായ കുഞ്ഞാടുകളെ നയിക്കുന്ന ഇടയന്മാരുടെ പണി കളയിക്കുന്ന  പദ്ധതിയാണ് വേദവിദ്യയിൽ ഉള്ളത് അതിനാലാണ് അറിയാവുന്നവരും അത് പകർന്നു നൽകാത്തത്.പുറമെ എല്ലാവരും പുകഴ്ത്തുമെങ്കിലും വേദധർമ്മത്തിൽ ആർക്കും വലിയ ശ്രദ്ധയില്ല എന്നുള്ളത് ഒരു സത്യമാണ്. മഹർഷി ദയാനന്ദ സരസ്വതിയുടെ ജീവിതവും സന്ദേശവും പഠിച്ചാൽ തന്നെ വേദങ്ങളിലേക്ക് പ്രവേശിക്കാനുള്ള ശക്തി കരഗതമാകും.
  1. Class 22: ധർമപാഠം 10: മഹർഷി ദയാനന്ദ സരസ്വതി 24-03-2019 Sunday
  2. Class 23: ധർമപാഠം 10: മഹർഷി ദയാനന്ദ സരസ്വതി 25-03-2019 Monday

Comments