ഗായത്രീമന്ത്രം - ദീക്ഷ




നമസ്തേ ,എല്ലാവര്ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ. വീരപുരുഷനും യോഗിയുമായിരുന്ന ഭഗവൻ ശ്രീകൃഷ്ണനെ മാതൃകയാക്കി ഈ ദിവസം നമുക്ക് ആഘോഷിക്കാം .



നമ്മുടെ പഠന പദ്ധതിയിൽ ഇത് വരെ പഠിച്ചത് ധർമ്മപാഠങ്ങളാണ് .ഈ ക്ലാസിൽ നാം പഠിക്കാൻ പോകുന്നത് ഗായത്രീമന്ത്രത്തെ കുറിച്ചാണ്. നിങ്ങൾക്ക് പല വിശ്വാസങ്ങളും അഭിപ്രായങ്ങൾ കാണും ഇതേ ആശയത്തെ പറ്റി ഉണ്ടാകും.തത്കാലം അവ ക്ലാസിന് പുറത്ത് വെച്ച് ഈ വിവരങ്ങൾ മനസിലാക്കുക .എന്നിട്ട് നിങ്ങൾക്ക് യുക്തിപൂർവം ചിന്തിച്ചു ഇത് തള്ളുകയോ ഉൾകൊള്ളുകയോ ചെയ്യാം.

ഗായത്രീമന്ത്രം

ഉപനയനസംസ്കാരത്തിൽ യജ്ഞോപവീതം (പൂണൂൽ) നൽകിയതിന് ശേഷം ആചാര്യൻ ഗായത്രി ഉപദേശിക്കുന്നു .ഞങ്ങളുടെ ബുദ്ധിയെ അങ്ങ് പ്രചോദിപ്പിക്കണേ എന്നതാണ് മന്ത്രത്തിന്റെ ആശയം .ഈ മന്ത്രം അനേകം തവണ ജപിക്കാൻ ആചാര്യൻ ഉപദേശിക്കുന്നു.ഈ മന്ത്രം എത്ര തവണ വേണമെങ്കിലും ഏതു സമയത്തും ജപിക്കാം.ഇതിന് ലിഖിതനിയമമോ നിയന്ത്രണമോ ഇല്ല. ഉണ്ടെന്നു അവകാശപ്പെടുന്നയാൾ ഇത് ഉപദേശിക്കാനും ആചാര്യനാകാനും യോഗ്യനല്ല.ഗുരുമന്ത്രം എന്നും സാവിത്രീ എന്നും മന്ത്രത്തെ വിളിക്കുന്നു.ഓം എന്ന നിരാകാര ബ്രഹ്മത്തിനെ ഉപാസിക്കാനാണ് വിധി.ഓം ഭൂര് ഭുവഃ സ്വഃ എന്ന വ്യാഹൃതികൾ മന്ത്രത്തിന് മുന്നിൽ ചേർത്തിരിക്കുകയാണ്.



ദൈനംദിന ഉപാസനാകര്മമായ സന്ധ്യാവന്ദനം ശ്രീകൃഷ്ണൻ ,രുഗ്മിണി ,ശ്രീരാമൻ ,സീതാദേവി തുടങ്ങിയവർ അനുഷ്ഠിച്ചിരുന്ന നിത്യകർമ്മമാണ്. ഗായത്രീമന്ത്രം ഉപാസനയിലെ പ്രധാന അംഗമാണ് .സ്തുതിയും പ്രാർത്ഥനയും ഉപാസനയും അവസാനിക്കുന്നത് ഇവിടെയാണ് . മനസാ ജപിക്കുന്നതാണ് ഉത്തമം.

ഓം ഭൂര് ഭുവഃ സ്വഃ തത്സവിതുര് വരേണ്യം 
ഭർഗോ ദേവസ്യ ധീമഹി. ധീയോ യോനഃ പ്രചോദയാത്. 

(ഋഗ്വേദം 3.62.10, യജുർവേദം 36.3, സാമവേദം 1467 ) 

ആ ജഗദുത്പാദകനും സകല ഐശ്വര്യപതിയും ചരാചരജഗത്തിലെങ്ങും വ്യാപിച്ച് വർത്തിക്കുന്ന പ്രേരകനും എല്ലാ ഗുണങ്ങളാലും യുക്തനും ആനന്ദൈകരസവും സർവ സുഖദായകനുമായ സർവേശ്വരൻെറ വരണീയവും ശ്രേഷ്ഠവും ഭജനീയവും സാമർഥ്യയുക്തവും പാപവിനാശകവുമായ തേജസിനെ ഞങ്ങൾ ധ്യാനിക്കുന്നു. സവിതാവായ ആ ബ്രഹ്മം ഞങ്ങളുടെ ക്രിയാകാരണമായ ബുദ്ധിയെ സകല ദുഷ്‌വൃത്തികളിൽ നിന്നും വേറിടുവിച്ചു സത്കർമങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കട്ടെ .


യജ്ഞോപവീതം പരമംപവിത്രം 

ഉപനയനസംസ്കാരം

ചതുർവേദങ്ങളിലെ മന്ത്രങ്ങളിൽ നിന്ന് ഋഷിമാർ ആവിഷ്കരിച്ച പതിനാറ് സംസ്കാരങ്ങളിൽ (ഷോഡശസംസ്കാരം) പത്താമത്തേതാണ് ഉപനയനസംസ്കാരം.ഗോത്രം ,ജാതി ,വേദം, ശാഖ നോക്കാതെ ഏവർക്കും സ്വീകരിക്കാവുന്നതാണ് ഈ സംസ്കാരങ്ങൾ.എട്ട് വയസ്സിന് ശേഷം ആർക്കും ഉപനയനം ചെയ്യാവുന്നതാണ് .ഗുരുവിന്റെ അടുത്ത് കുട്ടിയെ എത്തിച്ചു വിദ്യയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോവുകയാണ് ലക്‌ഷ്യം.

ഗുരുമന്ത്രം എന്നറിയപ്പെടുന്ന ഗായത്രീ മന്ത്രം 

ബ്രഹ്മചര്യ ആശ്രമം തുടക്കം കുറിക്കുന്ന ബ്രഹ്മചാരിക്ക് ഗുരു ഗായത്രീമന്ത്രം ഉപദേശിക്കുന്നു."ഞങ്ങളുടെ ബുദ്ധിയെ ഈശ്വരാ അങ്ങ് പ്രകാശിപ്പിക്കണേ" എന്ന ആശയമുള്ള ഗായത്രീമന്ത്രം അനേകം തവണ ജപിക്കാൻ ഗുരു ഉപദേശിക്കുന്നു.മൂന്ന് പരുത്തി നൂലിഴകൾ ചേർത്ത് കെട്ടിയ യജ്ഞോപവീതം അഥവാ പൂണൂൽ ശേഷം സന്യാസാശ്രമം വരെ ധരിക്കുന്നു.ഒരു മന്ത്രം ചൊല്ലിയാണ് നൂല് മാറ്റി ഇടുന്നത് .ഇത് വേദമന്ത്രമല്ല.

യജ്ഞോപവീതം പരമം പവിത്രം പ്രജാപതേര്യത് 
സഹജം പുരസ്താത്. ആയുഷ്യമഗ്രം പ്രതിമുഞ്ച ശുഭ്രം 
യജ്ഞോപവീതം ബലമസ്തു തേജഃ യജ്ഞോപവീതമസി 
യജ്ഞസ്യത്വാ യജ്ഞോപവീതേനോപനഹ്യാമി 

യജ്ഞോപവീതം പരമപവിത്രമാണ്. ഈശ്വരനിൽ നിന്ന് ഇത് സ്വാഭാവികമായി കിട്ടിയതാണ്. ഇത് ആയുർവർദ്ധകവും നിർമ്മലവും മുഖ്യവുമാണ്. ഇത് നിനക്ക് ബലവും തേജസ്സും തരുന്നതാകട്ടെ.നീ യജ്ഞോപവീതമാണ്.യജ്ഞോപവീതമായി ഞാൻ നിന്നെ അണിയുകയാണ്.


ഉപനയനത്തിൽ യജ്ഞോപവീതം അണിയുകയും അതിനു ശേഷം ബ്രഹ്മചാരി അഗ്നിഹോത്രവും സന്ധ്യാവന്ദനവും എല്ലാ ദിവസവും രണ്ട് സന്ധ്യകളിലും ചെയ്യും .

നമസ്‍തേ ,ക്ലാസ് അവസാനിക്കുന്നു.അവസാനിക്കുമ്പോൾ ഒരു ശാന്തി മന്ത്രം നിങ്ങൾ ചൊല്ലുക.

ॐ पूर्णमदः पूर्णमिदम् पूर्णात् पूर्णमुदच्यते |
पूर्णस्य पूर्णमादाय पूर्णमेवावशिष्यते ||
ॐ शान्तिः शान्तिः शान्तिः || 

ഓം പൂർണമദഃ പൂർണമിദം: പൂർണ്ണാദ്  പൂർണമുദച്യതെ 
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ .
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ |

കാരണബ്രഹ്മവും കാര്യബ്രഹ്മവും പൂർണമാണ്. പൂർണതയിൽ നിന്നു മാത്രമേ പൂർണത ആയത് ഉണ്ടാവുകയുള്ളൂ. പ്രളയകാലത്ത് പൂർണത ,പൂർണതയിൽ ലീനമായിക്കഴിയുമ്പോഴും പൂർണത അവശേഷിക്കുന്നു .


ആദ്ധ്യാത്മിക ,ആധിദൈവിക ,ആധിഭൗതിക ദുഃഖങ്ങൾ ശമിക്കട്ടെ .

അഭ്യാസം 

  1. വിദ്യാർത്ഥികൾ എല്ലാവരും ദിവസവും കുറഞ്ഞത് 108 തവണ എങ്കിലും ഗായത്രീമന്ത്രം ജപിക്കുക.
  2. എണ്ണം ഉറപ്പ് വരുത്താൻ ജപമാല (രുദ്രാക്ഷം ,ചന്ദനം വേണമെന്ന് നിര്ബന്ധമില്ല) സഹായിക്കും.
  3. കുറഞ്ഞത് മൂന്ന് വട്ടമെങ്കിലും ചൊല്ലാത്ത ദിവസം കടന്നു പോകില്ലെന്ന് പ്രതിജ്ഞ ചെയ്യുക .
Class Details : Day Three: 02 Sept. 2018 ഞായറാഴ്ച 10:30 am to 11:30 am

Comments

  1. ഭൂഃ - "ഭൂരിതി വൈഃ പ്രാണഃ" യഃ പ്രാണയതി ചരാʄചരം ജഗത് സ ഭൂഃ സ്വയം ഭൂരീശ്വരഃ

    ഈ ജഗത്തിന്റെ നിലനിൽപിന് കാരണവും പ്രാണനേക്കാൾ പ്രിയനും സ്വയം ഭൂവും ആയ പ്രാണവാചിയാകയാൽ ഭൂഃ ഈശ്വരനാമമാണ്.

    ഭുവഃ - "ഭൂവരിത്യപാനഃ" "യഃ സര്വം ദുഃഖമപാനയതി സോʄപാനഃ"

    ദുഃഖരഹിതനും ,ജീവാത്മാക്കൾക്ക് ദുഃഖവിമുക്തിയെ പ്രദാനം ചെയ്യുന്നവനായ ഈശ്വരൻറെ പേരാണ് ഭുവഃ എന്നത് .

    സ്വഃ - "സ്വരിതി വ്യാനഃ" "യോ വിവിധം ജഗദ് വ്യാനയതി വ്യാപ്‌നോതി സ വ്യാനഃ"

    വിവിധ ലോകങ്ങളിലെങ്ങും വ്യാപിച്ചു എല്ലാത്തിനേയും ധാരണം ചെയ്യുന്ന ഈശ്വരൻ എന്നർത്ഥം."ഭൂരിതി വൈ പ്രാണഃ" ഇത്യാദി മൂന്ന് വാക്യങ്ങൾ തൈത്തരീയാരണ്യകത്തിലാണ് ഉള്ളത് .

    ReplyDelete

Post a Comment