ധർമപാഠം 9 : ആര്യന്മാരും ദ്രാവിഡരും

യൂറോപ്യൻ ഭരണക്കാർ നമ്മെ പഠിപ്പിച്ച ചരിത്രം കെട്ടുകഥയാണ്.മനുഷ്യരെ ദുഷ്ടന്മാരായ യൂറോപ്യൻമാർ രണ്ടായി തരം തിരിച്ചു. ആര്യനും ദ്രാവിഡനും.പാമീർ ഉന്നതതടം ,മധ്യയൂറോപ്പ് എന്നിവിടെ നിന്ന് വരികയും ഇവിടുത്തെ ആദിവാസികളായ ദ്രാവിഡരെ കീഴ്‌പ്പെടുത്തി ആധിപത്യം സ്ഥാപിച്ചുവെന്നും സായിപ്പന്മാർ സങ്കല്പിച്ചെടുത്തത്  ഊഹവും അസത്യവുമാണ് അടിസ്ഥാനപ്പെടുത്തിയാണ്.

മഹാഭാരതകാലം വരെ ഭാരതത്തിന്റെ പേര് ആര്യാവർത്തം എന്നായിരുന്നു. ഇത് സാർവഭൗമ സാമ്രാജ്യമായിരുന്നു. ഭൂമിയൊട്ടാകെ ആധിപത്യം പുലർത്തിയ രാജ്യം എന്നർഥം. സ്ഥലപ്പേരുകൾ തന്നെ ഇതിന് തെളിവാണ്. എല്ലാത്തിനും സംസ്കൃതഭാഷയുമായി ബന്ധമുണ്ട്. എന്നാൽ സ്ഥാപിക്കുവാനും നിഷേധിക്കുവാനും പ്രയാസമുണ്ട്. എന്തെന്നാൽ ഭാഷകളുടെ ഉത്പത്തിയും , വളർച്ചയും , വികാസവും , പ്രതിപാദിക്കുന്ന ശാസ്ത്രത്തിന്റെ പണ്ഡിതന്മാർ പ്രാചീനഭാരതീയ ഭാഷാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കാതെ സംസ്കൃതത്തിന് മുൻപ് ഒരു പ്രാചീനഭാഷ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു.

പ്രമാണങ്ങൾ കൊണ്ട് പരീക്ഷിച്ചു സത്യം കണ്ടെത്തണം. ചുമ്മാതെ ഊഹിച്ചുണ്ടാക്കിയ കഥ ചരിത്രം എന്ന പേരിൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ആധുനികചരിത്രവും ഭാഷാശാസ്ത്രവും പൂർണമായും തെറ്റല്ല. എന്നാൽ ഭാരതീയമായ വീക്ഷണകോണുകളിൽ സമീപിക്കാതെ വിശ്വവിജയികളായ സായിപ്പന്മാർ അവരുടെ മനോസുഖം തീർക്കാനും എന്ത് നന്മ ഉണ്ടോ അത് വെളുത്ത സായിപ്പിൻറെ പേരിൽ എഴുതിച്ചേർക്കാനും വേണ്ടിയാണ് ആര്യൻ എന്ന വംശീയത അടിച്ചേൽപ്പിക്കുന്നത് .വേദങ്ങളുടെ ആവിർഭാവം മുതൽ മാനവചരിത്രം ആരംഭിക്കുന്നു. ടിബറ്റിൽ നിന്ന് മാനവചരിത്രം ആരംഭിക്കുന്നു എന്ന് ഭാരതീയ പണ്ഡിതരും ആഫ്രിക്കയിൽ എന്ന് വിദേശപണ്ഡിതരും പറയുമ്പോൾ നമുക്ക് നിക്ഷപക്ഷമായി ഇവയെ ഒക്കെ നോക്കികാണാനേ ആകൂ. ജീവികളുടെ പരിണാമസിദ്ധാന്തം എന്നും ഒരു തർക്കവിഷയമാണ്. വേദപണ്ഡിതരും മതവാദികളും എന്തിന് മഹർഷി ദയാനന്ദ സരസ്വതി പോലും ഇവയെ തള്ളിപ്പറഞ്ഞു മനുഷ്യൻ മനുഷ്യനായി തന്നെ ആദികാലത്തു സൃഷ്ടിക്കപ്പെട്ടു എന്ന നിർണ്ണയം സ്വീകരിച്ചവരാണ്. എന്നാൽ പൂർണമായും ഉൾകൊള്ളാൻ കഴിയില്ല എങ്കിലും ആധുനികശാസ്ത്രം ഉയർത്തുന്ന വാദങ്ങൾ കണ്ണുമടച്ചു തള്ളിക്കളയാൻ ആകില്ല. ഇന്നിപ്പോൾ ആധുനിക ശാസ്ത്രം ആര്യൻ അധിനിവേശ സിദ്ധാന്തം തള്ളിക്കളഞ്ഞു. എന്നാൽ അക്കാദമിക് മേഖലയിൽ കറുത്ത സായിപ്പന്മാരുടെ അതിപ്രസരമാണ്. ഈ ക്ഷുദ്രജീവികൾ കാരണം ഭാരതത്തിൽ എല്ലാ കുട്ടികളും ഈ പൊട്ടത്തരം പരീക്ഷയിൽ എഴുതി മാർക്ക് വാങ്ങി ജയിക്കേണ്ടതായി വരുന്നു. നമ്മുടെ സംസ്കാരത്തിന്റെ വേര് മോശമാക്കി കാണിച്ചാൽ പിന്നെ അതിൽ നിന്ന് മുളച്ചത് തകർക്കാൻ എളുപ്പമാണല്ലോ. അതിനാണ് സായിപ്പ് വേദങ്ങൾ ആര്യന്മാർ എന്ന ഗോത്രവർഗ്ഗക്കാരുടെ കന്നാലിപ്പാട്ടാണ് എന്ന് പ്രചരിപ്പിച്ചത്. ദ്രാവിഡന്മാരെ തെക്കേ ഇന്ത്യയിലേക്ക് തല്ലി ഓടിച്ചു എന്ന് കള്ളം പറഞ്ഞത് തെക്കേ ഇന്ത്യക്കാരനും വടക്കേ ഇന്ത്യക്കാരനും തമ്മിൽ വെറുത്ത് തമ്മിൽ തല്ലാൻ വേണ്ടിയാണ്. മുഗളന്മാർക്ക് പോലും ഇത്ര ദുഷ്ടബുദ്ധി ഇല്ലായിരുന്നു. ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാരന്മാരാണ് കുടിലതന്ത്രത്തിൽ സ്വർണമെഡൽ നേടിയവർ. പള്ളി വികാരിയും സുവിശേഷകനുമായ മാക്സ് മുള്ളർ വേദങ്ങളെ വികലമാക്കി ചിത്രീകരിച്ച "Sacred Book of the East" എന്ന അലവലാതി ഗ്രന്ഥത്തിന് അക്കാദമിക് മേഖലയിൽ ഉയർന്ന സ്ഥാനവും മഹർഷി ദയാനന്ദ സരസ്വതിയുടെ ഭാഷ്യം കേട്ടിട്ടു പോലുമില്ലാത്തതും ആകുന്നതിന് ഒരു ഭാരത വിരുദ്ധ കുടില തന്ത്രം തന്നെ ഒളിഞ്ഞിരിപ്പുണ്ട്.

ഭാരതീയ ഗണിതശാസ്ത്രപ്രകാരം 197 കോടി വർഷം മുമ്പാണ് പ്രപഞ്ചോത്പത്തി. ഈ സംഖ്യ മുനിമാരുടെ ജ്യോതിഷശാസ്ത്രങ്ങളിൽ ഉള്ളതാണ്. ആളിനെ പറ്റിക്കുന്ന ഇന്നത്തെ ജ്യോതിഷമല്ല പ്രാചീന വേദാംഗമായ ജ്യോതിഷശാസ്‌ത്രം. ഇത് ഋഷിമാർ എങ്ങനെ കണ്ടെത്തി എന്ന് ചോദിച്ചാൽ എനിക്കറിഞ്ഞുകൂടാ. 1300 കോടി വർഷങ്ങൾക്ക് മുൻപ് ആണിതെന്ന് ആധുനിക ശാസ്ത്രജ്ഞർ പറയുന്നു. ഭാരതീയശാസ്ത്രജ്ഞരുടെ സംഖ്യ അടുത്തുകൂടെ പോകുമ്പോൾ ക്രിസ്ത്യൻ മതമനുസരിച്ചു 6000 വർഷമാണ് ലോകസൃഷ്ടി. ഇസ്‌ലാം മതപണ്ഡിതരും ഈ വാദങ്ങളെ അംഗീകരിക്കുന്നവരാണ്.

ഭാഷക്കും അറിവിനും നാശമില്ല. അത് സനാതനമാണ്. സനാതനമെന്നാൽ നാശമില്ലാത്തത്. ലിപികളും ഗ്രന്ഥങ്ങളും പ്രചലിതപദങ്ങളുടെ അര്ഥവും മാറും. വാക്കും അര്ഥവും തമ്മിൽ ബന്ധമില്ലാതെയാകും .അത്തരം ഭാഷകൾ ലോപിച്ചു പുതിയ ഭാഷ ഉണ്ടായി വരും. ഇന്ന് ഭാരതത്തിൽ ഉണ്ടായ എല്ലാ ഭാഷകളും ഇങ്ങനെ ഉണ്ടായതാണ്. ആദിമകാലത്ത് ഏറ്റവും പ്രാചീനഭാഷയാണ് സംസ്കൃതമെന്നും എല്ലാ ഭാഷകളുടെയും മൂലം ഇതിലെന്നും ഭാരതീയ പണ്ഡിതന്മാർ വാദിക്കുമ്പോൾ ആധുനികഭാഷാശാസ്ത്രത്തിൽ സംസ്‌കൃതം സംസ്കരിച്ചു പിന്നീടുണ്ടായ ഒരു ഭാഷ മാത്രമാണ്.

വേദം പറയുന്നത് മാനവകുലം ഒന്നാണെന്നാണ്. സ്ഥലകാലഭേദം അനുസരിച്ചു ഭാഷ , ആഹാരരീതി , കാലാവസ്ഥ , ഭൂപ്രകൃതി അനുസരിച്ചു നിറവും ആകാരവും ഒക്കെ മാറ്റം വരും.ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും കുടിയേറി പാർക്കും. സംസ്കാരം കലരും. ജനുസുകൾ കലരും. ഇതൊക്കെ സ്വാഭാവികമാണ്. മനുഷ്യരിൽ ഉള്ള ശ്രേഷ്ഠരാണ് ആര്യന്മാർ. അവർക്ക് ജാതി , മതം , തൊലിയുടെ നിറം , സാംസാരിക്കുന്ന ഭാഷ , പൗരത്വം , അച്ഛനമ്മമാരുടെ പ്രൗഢമായ കുടുംബനാമം എന്നിവ ബാധകം അല്ല. ഉയർന്ന ചിന്താഗതി ഉള്ള പുരോഗതിയിലും ഐശ്വര്യവും ആഗ്രഹിച്ചു സത്യത്തിന്റെയും ധര്മത്തിന്റെയും പാതയിൽ ഈശ്വരനെ ഉപാസിച്ചു സഞ്ചരിക്കുന്നവർ മാത്രമാണ് ആര്യന്മാർ. പേരിനോടൊപ്പം ആര്യൻ എന്ന് ചേർത്ത മതവെറിയനോ , വിദ്വംസകശക്തികളുടെ തോഴന്മാരോ കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ജാതിവെറിയനോ ആര്യനല്ല . രാമായണം സീരിയലിൽ സീത പതിയെ ആര്യപുത്രാ എന്ന് അഭിസംബോധന ചെയ്യുന്നത് അയാൾ രാജവംശത്തിൽ ജനിച്ചത് കൊണ്ടല്ല. അദ്ദേഹത്തിൻ്റെ ഗുണവാചിയാണ് ആ ശബ്ദം.



ആര്യന്മാർ പാർത്തിരുന്ന നാടാണ് ആര്യാവർത്തം. ഇതിൻറെ തിരുശേഷിപ്പ് മാത്രമാണ് ഇന്നത്തെ ഭാരതം.

കൃണ്വന്തോ വിശ്വമാര്യം എന്നതാണ് നമ്മുടെ ആപ്തവാക്യം. ഭഗവാൻ ശ്രീരാമൻ , ഭഗവാൻ ശ്രീകൃഷ്ണൻ തുടങ്ങിയ ആര്യന്മാരുടെ ഉപദേശങ്ങൾ അനുസരിച്ചു അവർ ജീവിച്ചത് പോലെ സത്യവും ധർമ്മവും ആചരിച്ചു ആര്യനായി ജീവിക്കുക എന്നുള്ളത് ഓരോ ജീവന്റെയും തെരഞ്ഞെടുപ്പാണ്. വ്യക്തി നന്നായാൽ കുടുംബവും , കുടുംബം നന്നായാൽ ഗ്രാമവും , ഗ്രാമങ്ങൾ നന്നായാൽ രാജ്യവും അഭിവ്യദ്ധി പ്രാപിക്കും. ഈ വിശ്വം മുഴുവൻ ആര്യവൽക്കരിക്കുക എന്നാൽ അത്തരത്തിൽ ഒന്നാണ്. അല്ലാതെ വേൾഡ്വിഷൻ പോലെ ഉള്ള മതംമാറ്റപ്രവർത്തനം നടത്തി ലോകം മുഴുവൻ ആര്യവത്കരിച്ചു എണ്ണം കൂട്ടുക എന്ന ആശയമല്ല അതിലുള്ളത്. ലോകത്തിൽ ഉള്ള നാനാജാതിമതത്തിൽപെട്ട മനുഷ്യരിലും ആര്യന്മാരായ മനുഷ്യരുണ്ട്. ശ്രേഷ്ഠരായ അവരാണ് മനുഷ്യജാതിയെ പുരോഗതിയിലേക്ക് നയിക്കുന്നത്.

വസുധൈവ കുടുംബകം എന്നാൽ ലോകമേ തറവാട്. ലോകാഃ സമസ്താഃ സുഖിനഃ ഭവന്തു എന്നാൽ സർവ്വമാനവരും സുഖമായിരിക്കട്ടെ എന്നാണ്. വേദോപനിഷത്തുകളിലെ ഭാഷ ഇത്തരത്തിൽ ആയത് കൊണ്ട് നാം സകലമാനവരും ഒന്നാണെന്നും ജാതിമതരാഷ്ട്രഭേദങ്ങൾ താൽകാലികപ്രായോഗിക കാര്യങ്ങൾക്ക് വേണ്ടി മനുഷ്യൻ ഉപയോഗിക്കുന്നവ എന്നതായി മനസിലാക്കി മുന്നോട്ട് പോകണം.

ഇതിനുള്ള പ്രായോഗികമാർഗം ഈശ്വരീയനിയമങ്ങൾ അനുസരിച്ചു ധർമം പ്രവർത്തിച്ചു അധർമത്തോട് യുദ്ധം ചെയ്തു ജീവിക്കുക എന്നതാണ്. മഹർഷി ദയാനന്ദ സരസ്വതി വേദോപനിഷത്തുക്കളിൽ നിന്ന് ആവിഷ്കരിച്ച പത്ത് അടിസ്ഥാന നിയമങ്ങൾ .ഇവ തന്നെയാണ് ആര്യസമാജത്തിൻറെ പത്ത് നിയമങ്ങളും .

1. എല്ലാ സത്യവിദ്യയുടെയും വിദ്യകൊണ്ട് അറിയുന്ന പദാര്ഥങ്ങളുടെയും ആദിമൂലം സർവേശ്വരനാകുന്നു .

2. ഈശ്വരൻ സച്ചിദാനന്ദസ്വരൂപനും ,നിരാകാരനും , സർവ്വശക്തിമാനും , ന്യായക്കാരിയും , ദയാലുവും ,ജന്മമില്ലാത്തതും ,അനന്തവും , നിർവികാരവും ,അനാദിയും ,അനുപമവും ,സർവാധാരവും സർവേശ്വരനും ,സർവ്വവ്യാപകനും സർവാന്തര്യാമിയും ജീർണിക്കാത്തതും അമരനും അഭയവും നിത്യനും പവിത്രവും സൃഷ്ടികർത്താവുമാണ് .

3. വേദം സത്യവിദ്യയുടെ ഗ്രന്ഥമാണ്.വേദം പഠിക്കുന്നതും പഠിപ്പിക്കുന്നതും കേൾക്കുന്നതും കേൾപ്പിക്കുന്നതും എല്ലാ ആര്യന്മാരുടെയും (ശ്രേഷ്ഠന്മാരുടെയും) പരമധർമ്മമാകുന്നു.

4. സത്യത്തെ സ്വീകരിക്കുന്നതിനും അസത്യത്തെ പരിത്യജിക്കുന്നതിനും എല്ലായ്പോഴും സന്നദ്ധരായിരിക്കണം .

5. എല്ലാ കർമ്മവും ധർമാനുസൃതമായിരിക്കണം .അതായത് സത്യാസത്യവിചിന്തനം ചെയ്തതിന് ശേഷമേ ഏതും പ്രവർത്തിക്കാവൂ .

6. ലോകത്തിനുപകാരം ചെയ്യുക .അതായത് ശാരീരികവും ആത്മീയവും സാമൂഹികമായ ഉന്നതി ഉണ്ടാക്കുകയാണ് ഈ സമാജത്തിന്റെ മുഖ്യ ഉദ്ദേശ്യം .

7. എല്ലാവരുമായി പ്രീതിപൂർവവും ,ധർമാനുസൃതവും ,യഥായോഗ്യവും പെരുമാറേണ്ടതാണ് .

8. അവിദ്യയെ നശിപ്പിക്കുകയും വിദ്യയെ വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതാണ് .

9. ആരും സ്വന്തം ഉന്നതി കൊണ്ട് മാത്രം തൃപ്തിപ്പെടരുത് .എല്ലാവരുടെയും ഉന്നതിയിൽ സ്വന്തം ഉയർച്ചയും കാണേണ്ടതാണ് .

10. എല്ലാവർക്കും ഹിതകരമായ സാമാജിക നിയമങ്ങളെ പാലിക്കുന്നതിൽ എല്ലാവരും പരതന്ത്രരായി ഇരിക്കേണ്ടതും ഓരോരുത്തർക്കും ഹിതകരമായ നിയമങ്ങളെ പാലിക്കുന്നതിൽ സ്വതന്ത്രരായിരിക്കാവുന്നതുമാകുന്നു .

ഈ പത്ത് നിയമങ്ങൾ ജീവിതത്തിൽ പാലിക്കാൻ വളരെ ബുദ്ധിമുട്ട് ഉള്ളവയാണ് എങ്കിലും മനുഷ്യനെ പരിവർത്തനം ഉണ്ടാക്കാൻ പോന്ന ശക്തി ഈ പത്ത് നിയമങ്ങളുടെ ആചരണത്തിനുണ്ട്.

  1. Class 21: ധർമപാഠം 9 : ആര്യന്മാരും ദ്രാവിഡരും 10-03-2019 Sunday
  2. Class 22: ധർമപാഠം 9 : ആര്യന്മാരും ദ്രാവിഡരും 24-03-2019 Sunday



Comments